കോട്ടയം ലുലു മാള്‍ ഉദ്ഘാടന തിയതി ഔദ്യോഗികമായി പുറത്തുവിട്ട് ലുലു ഗ്രൂപ്പ്. മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കോട്ടയം ലുലു മാള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായ തിയതി ലുലു ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്ന് പ്രവർത്തിക്കാന്‍ പോകുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് മാളിന്റെ ഉദ്ഘാടനം. ഡിസംബർ 15, അല്ലെങ്കില്‍ 20 തിയതികളിലായിരിക്കും കോട്ടയം ലുലു മാള്‍ ഉദ്ഘാടനമെന്ന രീതിയില്‍ നേരത്തെ വാർത്തകള്‍ പുറത്ത് വന്നിരുന്നു. 14 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും 15 നായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനാകുക. ഉദ്ഘാടനത്തിന് പതിവ് പോലെ ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാർ, സെലിബ്രിറ്റികള്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ട അഥിതികള്‍ മാത്രമായിരിക്കും പങ്കെടുക്കുക.



