Monday, August 4, 2025
No menu items!
Homeവാർത്തകൾകൊച്ചിയിലെ വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ; ചെലവ് 19 കോടി

കൊച്ചിയിലെ വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ; ചെലവ് 19 കോടി

കൊച്ചി വിമാനത്താവളത്തിനു സമീപം ഒരു റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്. ഇതിന് ഉടൻ അംഗീകാരമാകുന്നതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം. ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010 ൽ നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷനു തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ബെന്നി ബഹനാൻ എംപി ഈയിടെയും ലോക്സഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. പുതിയ രൂപരേഖയിൽ സ്റ്റേഷന്റെ സ്ഥാനം സോളർ പാടത്തിന്റെ ഭാഗത്തേക്കു നീക്കിയിട്ടുണ്ട്. ട്രാക്കിനു സമീപം ഇരുവശത്തും റെയിൽവേയുടെ ഭൂമി ലഭ്യമാണ്.

അത്താണി ജംങ്ഷൻ – എയർപോർട്ട് റോഡിലെ മേൽപാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന 2 പ്ലാറ്റ്ഫോമുകൾ നിർമിക്കും. 2 വന്ദേഭാരത് ട്രെയിനുകൾക്കും ഇന്റർസിറ്റി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയ്ക്കും സ്റ്റോപ്പുണ്ടാകും. പ്ലാറ്റ്ഫോമിൽനിന്നു പുറത്തേക്കിറങ്ങുക റൺവേയുടെ അതിർത്തിയിലുള്ള ചൊവ്വര–നെടുവന്നൂർ–എയർപോർട്ട് റോഡിലേക്കാണ്.

മേൽപാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിലെത്തും. ഈ റൂട്ടിൽ ഇലക്ട്രിക് ബസ് ഏർപ്പെടുത്താമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതർ (സിയാൽ) റെയിൽവേയെ അറിയിച്ചിട്ടുണ്ട്. കൊച്ചിൻ എയർപോർട്ട് എന്ന പേരാണു സ്റ്റേഷനു ശുപാർശ ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments