ദില്ലി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് നിയന്ത്രണം വച്ച് കേന്ദ്രസർക്കാർ. ആഴ്ചയിൽ 3 , 4 ദിവസം എങ്കിലും മന്ത്രാലയത്തിൽ ഉണ്ടാവണം. സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കി കേന്ദ്രം.
നവംബർ 25 മുതല്‍ ഡിസംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ നാല് ദിവസം റോസ്‌റ്റർ ചുമതല വഹിക്കണം. മറുപടി പറയേണ്ട കേന്ദ്രമന്ത്രി സഭയില്‍ ഇല്ലെങ്കില്‍ റോസ്റ്റർ ചുമതലയുള്ള മന്ത്രിയാണ് മറുപടി നല്‍കേണ്ടത്. ഇറ്റലിയിലെ ഫ്ലോറൻസില്‍ ഈമാസം 13 മുതല്‍ 15 വരെ നടക്കുന്ന ജി 7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ സുരേഷ്ഗോപി ഇന്ത്യൻ സംഘത്തെ നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ചുമതലകള്‍ നല്‍കിയത്.
സിനിമ വർഷത്തില്‍ ഒന്ന് മതിയെന്ന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുരേഷ്ഗോപിയെ അറിയിച്ചത്. 22 സിനിമകളില്‍ അഭിനയിക്കാൻ സുരേഷ്ഗോപി ഏറ്റിട്ടുണ്ട്. ഒറ്റക്കൊമ്ബന്റെ ചിത്രീകരണം പൂർത്തിയാക്കേണ്ടതുണ്ട്. സിനിമയിലെ കഥാപാത്രത്തിനായി നിലനിർത്തിയിരുന്ന പ്രത്യേക താടി മീശ അദ്ദേഹം നീക്കം ചെയ്തു.