കൊച്ചി: കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ക്യാമ്പസ് വഴിയിൽ നിർത്തിയിട്ട ആഡംബര കാറിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു അപകടം. പാലക്കാട് സ്വദേശി സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിൽ നിന്നിറങ്ങി ബോണറ്റ് തുറക്കുമ്പോഴേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. കാർ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.