കുറവിലങ്ങാട്: മൂന്നുനോയമ്പ് തിരുനാളിന്റെ ആത്മീയ താളത്തിനൊപ്പം മനുഷ്യസ്‌നേഹത്തിന്റെ തണലായി ശങ്കരപുരി മഹാ കുടുംബയോഗത്തിന്റെ സൗജന്യ തണ്ണീർപന്തൽ പ്രവർത്തനം ആരംഭിച്ചു. തിരുനാൾ ദിവസങ്ങളിൽ പള്ളിയിലേക്ക് ഒഴുകിയെത്തുന്ന വിശ്വാസികൾക്കും നാട്ടുകാർക്കും ദാഹശമനമായി നാരങ്ങാവെള്ളവും കുടിനീരും വിതരണം ചെയ്യുന്ന സ്റ്റാൾ ആദ്യ ദിനം മുതൽ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി.
വിവിധ ക്രൈസ്തവ സഭകളിലെ മാർത്തോമാ വിശ്വാസികളുടെ കൂട്ടായ്മയായ ശങ്കരപുരി മഹാ കുടുംബയോഗമാണ് മാതൃകാപരമായ ഈ സേവനപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ചൂടേറിയ ഉച്ചവെയിലിൽ യാത്രക്കാരുടെ ദാഹം അകറ്റി ആശ്വാസം പകരുന്ന തണ്ണീർപന്തൽ, സേവനമനസ്സിന്റെ ജീവനുള്ള ഉദാഹരണമായി മാറിയിരിക്കുകയാണ്.
മൂന്ന് ദിവസവും തുടർച്ചയായി സ്റ്റാളിന്റെ പ്രവർത്തനം ഉണ്ടാകുമെന്ന് പ്രസിഡന്റ് തോമസ് കണ്ണന്തറ, സെക്രട്ടറി സക്കറിയ കര്യൻ, ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, അഡ്വ. സി.ജി. ആന്റണി, ജോയി ചെട്ടിശ്ശേരിൽ, ബാബു വെട്ടുകാട്ടിൽ എന്നിവർ അറിയിച്ചു.
സാമൂഹ്യ ഐക്യവും കരുതലും വിളിച്ചോതുന്ന ഈ സംരംഭം തിരുനാളിന് കൂടുതൽ മാനുഷിക സ്പർശം പകരുന്നു.



