ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്ങില്‍ നിന്നും ഡെംചോക്കില്‍ നിന്നുമുള്ള ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങളുടെ പിന്മാറ്റം പൂര്‍ത്തിയായി. ഇരുപക്ഷവും സംയുക്ത പരിശോധന നടത്തി സൈനികരെയും ആയുധങ്ങളേയും മുഖാമുഖം നില്ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് നിര്‍ദ്ദിഷ്ട ദൂരത്തേക്ക് പിന്‍വലിക്കുകയാണ് എന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിന് ഒക്ടോബര്‍ 21 ന് ഇന്ത്യയും ചൈനയും ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡെപ്സാങ്ങിലും ഡെംചോക്കിലും പിന്മാറ്റം പൂര്‍ത്തിയായി. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പ്രാദേശിക കമാന്‍ഡര്‍മാരുടെ തലത്തില്‍ ചര്‍ച്ചകള്‍ തുടരും. രണ്ട് സൈന്യങ്ങളും ഉടന്‍ തന്നെ പ്രദേശങ്ങളില്‍ പട്രോളിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേയും സൈനിക പിന്മാറ്റം സംബന്ധിച്ച നടപടികള്‍ കൈക്കൊണ്ട് വരികയാണ് എന്ന് ചൈന പറഞ്ഞു.
സൈനിക പിന്മാറ്റത്തിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മിയും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ രണ്ട് ഫ്ലാഷ് പോയിന്റുകളില്‍ നിന്ന് മുന്നോട്ട് വിന്യസിച്ച സൈനികരെയും ഉപകരണങ്ങളെയും പിന്‍വലിക്കുകയും താല്‍ക്കാലിക നിര്‍മിതികള്‍ പൊളിച്ച് നീക്കുകയും ചെയ്തു. 2020 മെയ് മാസത്തില്‍ സൈനിക തര്‍ക്കം ആരംഭിച്ചതിന് ശേഷമാണ് ഇവിടെ താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിച്ചത്.
പട്രോളിംഗ് രീതികള്‍ ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ തമ്മില്‍ തീരുമാനിക്കും എന്നും വ്യാഴാഴ്ച ദീപാവലി മധുരപലഹാരങ്ങള്‍ കൈമാറാന്‍ പദ്ധതിയിട്ടിട്ടുണ്ട് എന്നും വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയും ഇന്ത്യയും തീരുമാനങ്ങളിലെത്തിയതായി ചൈനീസ് വിദേശകാര്യ വക്താവ് ലിന് ജിയാന്‍ പറഞ്ഞു. ചൈനീസ്, ഇന്ത്യന്‍ അതിര്‍ത്തി സൈനികര്‍ പ്രമേയങ്ങള്‍ ചിട്ടയായ രീതിയില്‍ നടപ്പിലാക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സൈനിക പിന്മാറ്റ കരാറില്‍ ഡെപ്സാങ്ങിനെയും ഡെംചോക്കിനെയും മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. സൈനിക പിന്‍വാങ്ങലിന് ശേഷം ബഫര്‍ സോണുകള്‍ എന്ന് വിളിക്കപ്പെടുന്ന മറ്റ് മേഖലകളെക്കുറിച്ച് ഇരു രാജ്യങ്ങളും വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരും. ഗാല്‍വാന്‍ താഴ്വര, പാങ്കോങ് ത്സോ, ഗോഗ്ര (പിപി-17എ), ഹോട്ട് സ്പ്രിംഗ്സ് (പിപി-15) എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയും ചൈനയും നേരത്തെ പിന്‍വാങ്ങിയിരുന്നു. എന്നാല്‍ മേഖലയിലെ ഇരു സൈന്യങ്ങളുടെയും പട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രിക്കുന്നതിന് ബഫര്‍ സോണുകള്‍ സൃഷ്ടിച്ചിരുന്നു. അക്രമാസക്തമായ സാഹചര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഇത്. ഈ പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തുന്നതിനുള്ള മൊറട്ടോറിയം നീക്കുന്നത് തുടര്‍ ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും.



