തിരുവനന്തപുരം: കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ വിപണി കണ്ടെത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്. സംസ്ഥാന സര്‍ക്കാറിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സഹകരണ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സഹകരണം സുതാര്യം ടെലിവിഷന്‍ പരിപാടിയുടെ പ്രകാശനവും സഹകരണ എക്സ്പോ 2025-ന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
വിദേശ രാജ്യങ്ങളില്‍ സഹകരണ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അമേരിക്ക, നെതര്‍ലാന്‍ഡ്, യു.എ.ഇ, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സഹകരണ മേഖലയിലെ മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ ആവശ്യക്കാരുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വിപണനത്തിലേക്കു കടക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാകുമെന്നും പദ്ധതിയിലൂടെ ജൈവ വൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉത്പന്നങ്ങള്‍, ഗുണമേന്മ ഉറപ്പാക്കി കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വിപണനത്തിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനാകും. സഹകരണ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുക എന്നതാണ് സഹകരണം സുതാര്യം എന്ന ടെലിവിഷന്‍ പരിപാടിയുടെ ലക്ഷ്യം.
സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ. എന്‍. മാധവന് ചടങ്ങില്‍ അധ്യക്ഷയായി. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്.എം.എസ്, അഡീഷണല്‍ രജിസ്ട്രാര്‍(ജനറല്‍) കെ.സജീവ് കര്‍ത്താ തുടങ്ങിയവര്‍ സംസാരിച്ചു.



