കഴിഞ്ഞ ആറുവർഷമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് വൻ മയക്കുമരുന്ന് കച്ചവടമെന്ന് കണക്കുകൾ. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) കണക്കുകൾ പ്രകാരം, 2019-24 കാലത്ത് രാജ്യത്ത് മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് 4.6 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേട്ടയിൽ 1.03 ലക്ഷം കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. ഏകദേശം 71.32 ലക്ഷം കി.ഗ്രാം വരുമിത്. ഇതിൽ പത്തിലൊന്നും പിടിച്ചെടുത്തത് വിദേശത്തുനിന്നും വിവിധ തുറമുഖങ്ങൾ വഴി എത്തിയതാണ്. 11,569 കോടിയുടെ മയക്കുമരുന്നാണ് തുറമുഖം വഴി കടത്തിയപ്പോൾ പിടിച്ചെടുത്തത്. എന്നാൽ, ഇത് ഏത് രാജ്യത്തുനിന്നാണെന്നോ ഏത് തുറമുഖം വഴിയാണെന്നോ വ്യക്തമാക്കാൻ മന്ത്രാലയം തയാറായില്ല.
തെലുഗുദേശം പാർട്ടി എം.പിമാരായ മുകുന്ദ ശ്രീനിവാസലു റെഡ്ഡി, പുട്ട മഹേഷ് കുമാർ എന്നിവരുടെ ചോദ്യത്തിന് ധനകാര്യ വകുപ്പ് നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുന്നതിനായി ‘പരിവർത്തൻ’ പോലുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായി റിപ്പോർട്ടിലുണ്ട്. ഈയിനത്തിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തത് കേരളത്തിൽ. ആറ് വർഷത്തിനിടെ 1,11,540 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. യു.പി, മധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അരലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഏതാണ്ടെല്ലാ കേസുകളും രജിസ്റ്റർ ചെയ്യുന്നതു കൊണ്ടാണ് ഈ വർധന. മറ്റു സംസ്ഥാനങ്ങളിൽ പൂർണമായും രജിസ്റ്റർ ചെയ്യുന്നില്ല.