തിരുവല്ല: ഉത്രാടം വിളക്കിന് ഒരുങ്ങി ദേശാധിപതികുടുംബം. അതിരാവിലെ തെക്കെ പുരയിൽ കെടാവിളക്കും, നെല്ലും വച്ച് ഓമൽ പുലയനെ സ്വീകരിക്കും. തിരുവോണനാളിൽ ശിവഭൂതഗണസങ്കല്പത്തിൽ എത്തിച്ചേരുന്ന മലവേട സന്തതികളെ ധനവും, ധാന്യവും നാളികേരവും വസ്ത്രവും ഓണസദ്യയും നല്കി തൃപ്തിപ്പെടുത്തി ഉപചാരം നല്കി അയച്ച ശേഷം മാത്രം കുടുംബാംഗങ്ങൾ ഓണസദ്യ കഴിക്കൂ എന്ന വിശിഷ്ടമായ ആചാരം ഇന്നും പിന്തുടർന്നു വരുന്നു. തെക്കുംകൂറിൻ്റെ 48 കളരികളുടെ അധീശസ്ഥാനത്തോടൊപ്പം ദേശാധിപത്യവും ഉണ്ടായിരുന്ന കല്ലൂപ്പാറ ഇണ്ടംതുരുത്തിൽ തറവാട്ടിലാണ് നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരങ്ങൾ ഇന്നും മുടങ്ങാതെ തുടരുന്നത്.
തറവാടിൻ്റെയും, കുടുംബാംഗങ്ങളുടെയും സംരക്ഷണം ഒരു ജീവിതവ്രതം പോലെ കരുതിയിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഓമൽപ്പുലയനെ അദ്ദേഹത്തിൻ്റെ നിര്യാണ ശേഷം ക്ഷേത്ര സങ്കല്പത്തിൻ പ്രതിഷ്ഠ നടത്തി ഇവിടെ പൂജിച്ചു വരുന്നു. ഓമൽപ്പുലയൻ്റെ തന്നെ പരമ്പരയിൽ പെട്ട പൂജാരിമാർ ആയിരുന്നു വർഷങ്ങളോളം ഇതിന് നേതൃത്വം നല്കിയിരുന്നത്. പിന്നീട് അതിന് മുടക്കം വന്ന ഘട്ടത്തിൽ ബ്രാഹ്മണർ നടത്തുന്ന പൂജാക്രമത്തിലേക്ക് മാറുകയും എല്ലാ മിഥുനമാസം 30 -ാം തീയതിയും കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പ്രസ്തുത ചടങ്ങുകൾ വാർഷികമായി ആചരിച്ചു വരുന്നു.
നാടുവാഴിത്തത്തിൻ്റെ മേൽക്കോയ്മയിലും തങ്ങളുടെ ആശ്രിതരെ ചേർത്തു നിർത്തി ഈശ്വരതുല്യം പരിഗണിക്കുകയും, അവർ നല്കിയ സ്നേഹപരിലാളനകളെ ആദരപൂർവ്വം സ്മരിക്കുക എന്നതും നഷ്ടപ്രതാപത്തിലും ഇന്നും പിന്തുടരുകയാണ് ഇണ്ടംതുരുത്തിൽ തറവാട്. ഒരു കാലഘട്ടത്തിൽ നാടിൻ്റെ വിളക്കായി ദാനധർമ്മത്തിലും, ആരോഗ്യ നില പരിപാലനത്തിലും മാത്രമല്ല സാമൂഹിക സാംസ്കാരിക മേഖലകളിലും നിറഞ്ഞു നിന്നിരുന്ന ഇണ്ടംതുരുത്തിൽ തറവാട്ടിലെ പാരമ്പര്യ ആയുർവേദ ചികിത്സ തേടി വിവിധ ദേശങ്ങളിൽ നിന്ന് ഇപ്പോഴും ആളുകൾ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.