ചെറുതോണി: ഗ്രേഡ്-4 ഇനം റബറിന് കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 238 രൂപ ഇന്നലെ രേഖപ്പെടുത്തി. റബര്‍ ബോര്‍ഡ് വില 238 രൂപയായിരുന്നെങ്കിലും ഈ വിലയ്ക്കാണ് പലയിടത്തും വ്യാപാരികള്‍ റബര്‍ വാങ്ങിയത്. എന്നാല്‍ ഉത്പാദനം തീര്‍ത്തും കുറവായതിനാല്‍ വിലവര്‍ധന കര്‍ഷകര്‍ക്കു പ്രയോജനപ്പെടാത്ത സാഹചര്യമാണ്. വിപണിയില്‍ പേരിനു മാത്രമാണ് റബര്‍ എത്തുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു. ഇത്തവണ വേനല്‍ നീണ്ടുനിന്നതും കാലവര്‍ഷ സമയത്ത് തുടര്‍ച്ചയായി മഴപെയ്തതുമാണ് കര്‍ഷകര്‍ക്കു വിനയായത്. ഇതുമൂലം യഥാസമയം റെയിന്‍ ഗാര്‍ഡനിംഗ് നടത്താനാകാതെ വന്നു. നടത്തിയവര്‍ക്കു കനത്ത മഴമൂലം ടാപ്പിംഗും മുടങ്ങി. ഇതോടെ ഉത്പാദനം ഏതാണ്ട് നിലച്ച സ്ഥിതിയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ജില്ലയില്‍ മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും കൃത്യമായി ടാപ്പിംഗ് നടത്തിയാല്‍ മാത്രമേ ഉത്പാദനം ശരിയായ രീതിയില്‍ നടക്കുകയുള്ളൂ.
വെയില് തെളിഞ്ഞു തുടങ്ങിയതോടെ ടാപ്പിംഗ് തൊഴിലാളികള്‍ റെയിന്‍ ഗാര്ഡനിംഗിനു പോയതിനാല്‍ പല തോട്ടങ്ങളിലും ഇനിയും ടാപ്പിംഗ് ആരംഭിക്കാനായിട്ടില്ല. എസ്റ്റേറ്റ് തോട്ടങ്ങളില്‍ നേരത്തേ ടാപ്പിംഗ് നിര്‍ത്തുന്നതിനാല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മഴമറയിടീല് നടക്കും. എന്നാല്‍ ശക്തമായ മഴയായതിനാല്‍ ഇവിടെയും ടാപ്പിംഗ് ശരിയായി നടന്നിട്ടില്ല. ടാപ്പിംഗ് ആരംഭിച്ച് 15 ദിവസമെങ്കിലും കഴിഞ്ഞാലെ വിപണിയിലേക്കു റബര്‍ ഷീറ്റ് എത്തുകയുള്ളൂ. അതിനാല്‍ നിലവിലെ വിലവര്‍ധന കര്‍ഷകര്‍ക്കു പ്രയോജനപ്പെടണമെങ്കില്‍ ഈ വില കൂടുതല്‍ നാളുകള്‍ നീണ്ടുനില്ക്കണം.
ഒരുവേള കിലോയ്ക്ക് 85 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതേത്തുടര്‍ന്നു നിരവധി കര്‍ഷകര്‍ റബര്‍കൃഷി ഉപേക്ഷിച്ച് മറ്റുകൃഷികളിലേക്ക് ചുവടുമാറ്റിയിരുന്നു. വിലത്തകര്‍ച്ചയ്ക്കു പുറമേ കൂലിച്ചെലവ്, രാസവളങ്ങളുടെ വിലവര്‍ധന, കീടബാധ, പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശം, ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം തുടങ്ങിയവയെല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഏതാനും ദിവസങ്ങളായി റബര്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
വില അല്പംകൂടി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്. നേരത്തേ മഴമറ നടത്തിയവര്‍ക്ക് പ്രതിവര്‍ഷം ശരാശരി 110-120 ടാപ്പിംഗ് ദിനങ്ങളെങ്കിലും ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ടാപ്പിംഗ് ദിനങ്ങളും കുറഞ്ഞിട്ടുണ്ട്.



