പാലക്കാട്: കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നുള്ള ചികിത്സാ ദൗത്യം ഇന്ന്. മയക്കുവെടി വെച്ച് ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തുരത്തും. പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 7.30നാണ് പിടി 5 ഓപറേഷൻ ആരംഭിക്കുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 15 അംഗ വിദ്ഗധ സംഘത്തിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആനയെ എത്തിക്കാനായി കണ്ടെത്തിയിട്ടുള്ള പത്ത് പോയിന്റുകളിൽ ഏതെങ്കിലും ഒരു പോയിന്റിൽ ആനയെ എത്തിക്കും. കുങ്കിയാനകളുടെ സഹായത്തോടെയായിരിക്കും ആനയെ എത്തിക്കുന്നത്. ഇവിടെ എത്തിച്ച ശേഷം ആയിരിക്കും മയക്കുവെടി വെക്കുന്നത്. ശേഷം ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ആനയുടെ രണ്ട് കണ്ണിനും കാഴ്ചയില്ല. അതുകൊണ്ടുതന്നെ ആദ്യം ഇതിനുള്ള മരുന്നുകളായിരിക്കും നൽകുക. കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകിച്ച് സർജറിയോ മറ്റോ ആവശ്യമുള്ള സാഹചര്യം ആണെങ്കിൽ കൂടുതൽ സമയമെടുത്ത് ചികിത്സ നൽകും. ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെങ്കിൽ എയർ ആംബുലൻസിൽ കയറ്റി ധോണി ക്യാമ്പിലേക്ക് എത്തിക്കും. അവിടെ കൂട്ടിലാക്കിയ ശേഷമായിരിക്കും വിദഗ്ധ ചികിത്സ നൽകുക.