Thursday, December 25, 2025
No menu items!
Homeവാർത്തകൾകടൽ ഭിത്തി സമരം - കള്ളക്കേസുകൾ എടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട - കേരള ലാറ്റിൻ കാത്തലിക്...

കടൽ ഭിത്തി സമരം – കള്ളക്കേസുകൾ എടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

കൊച്ചി : ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി നിരവധി ആളുകൾ സഹന സമരത്തിലാണ്. ഈ വർഷവും ജീവിതം ദുസ്സഹം ആയപ്പോൾ വൈദികരുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തിയ സമരവേദിയിലേക്ക് തീരവാസികൾ ജാഥയായി എത്തി അഭിവാദ്യമർപ്പിച്ചു. അങ്ങനെ എത്തിയപ്പോൾ ഗതാഗത ക്രമീകരണങ്ങൾ നടത്താൻ പരാജയപ്പെട്ട അധികൃതർ മനപ്പൂർവ്വം വഴി തടയണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി പ്രവർത്തിച്ചു എന്ന ആരോപണങ്ങൾ ഉന്നയിച്ച് ലത്തീൻകത്തോലിക്കാ സമുദായത്തിന്റെ വക്താവിനെയും സമരം ഇരുന്ന വൈദികരെയും മറ്റു പ്രവർത്തകരെയും പ്രതികളാക്കി കേസെടുത്ത തോപ്പുംപടി പോലീസ് നടപടി പ്രതിഷേധാർഹം ആണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കേസിൽ പ്രതികളാക്കിയവർ രാവിലെ മുതൽ വൈകുന്നേരം വരെ സമരപ്പന്തലിൽ ഇരുന്നവരാണ്. അവർക്കെതിരെയാണ് ജാത നയിച്ചു കൊണ്ടുവന്നു വഴി തടസ്സപ്പെടുത്തി എന്ന കള്ളക്കേസ് എടുത്തിരിക്കുന്നത്.

സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാതെ കടൽ ക്ഷോഭത്തിൽ പൊറുതിമുട്ടി ജനം പ്രതിഷേധിക്കുമ്പോൾ ചാക്കുകളുമായി തടയണ കെട്ടാൻ ശ്രമിക്കും. 17 കിലോമീറ്ററിൽ 7.3 കിലോമീറ്റർ മാത്രം ടെട്രാ പോഡുകൾ സ്ഥാപിച്ച് ശേഷിക്കുന്നവ എന്ന് സ്ഥാപിക്കും എന്ന് പോലും പറയാൻ പറ്റാത്ത തരത്തിൽ തുടരുന്ന അധികാരികൾ പൊറുതിമുട്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന് നേതൃത്വം നൽകി എന്ന് ആരോപിച്ച് ക്രിമിനൽ എടുത്തത് തികച്ചും കളവായ കാര്യങ്ങൾ പറഞ്ഞാണ്.

ഉപവാസ സമരം നടത്തുന്ന വൈദികർക്ക് അഭിവാദ്യമർപ്പിക്കാൻ ഇത്രത്തോളം ആളുകൾ വരും എന്ന് സംഘാടകർ പോലും വിചാരിച്ചിരുന്നില്ല. പക്ഷേ ജനം ഈ വിഷയം ഏറ്റെടുത്ത് സ്വയമേവ വന്നിറങ്ങിയതാണ്. ആ വന്നത് പൊതു ഗതാഗതം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സംഘാടകർ വിളിച്ചുവരുത്തി എന്നും പിരിഞ്ഞുപോകാനുള്ള പോലീസ് നിർദ്ദേശം അവഗണിച്ചു എന്നുമൊക്കെയാണ് FIR വിവരം.

ലത്തീൻ സമുദായത്തിന്റെ വക്താവിനെ ഒന്നാം പ്രതിയാക്കി കേസെടുത്താൽ, സമരത്തിന് ഇരുന്ന വൈദികരെ പ്രതികളാക്കി കേസെടുത്താൽ, സമുദായ പ്രവർത്തകരെ പ്രതികളാക്കി കേസെടുത്താൽ ഈ പ്രക്ഷോഭത്തെ ആകെ ഭയപ്പെടുത്തി കീഴ്പ്പെടുത്തി കളയാം എന്ന് ആരും വിചാരിക്കേണ്ടെന്ന് കെഎൽസിഎ ഭാരവാഹികൾ പറഞ്ഞു.

ശുഷ്കാന്തി കാണിക്കേണ്ടത് കടപ്പുറത്താണ്. അവിടെ എന്തെങ്കിലും തടയണകൾ നിരത്തി പറ്റുന്ന കല്ലെങ്കിലും കൊണ്ടുപോയി നിരത്തി ആളുകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം ഗതികെട്ട് തെരുവിലിറങ്ങിയ ജനത്തിനെ നിയന്ത്രിക്കാൻ പറ്റാത്തതിന്റെ പേരിൽ അവരെ മനഃപൂർവ്വം വഴി തടയണമെന്ന് ഉദ്ദേശത്തോടെ അവിടെ എത്തിച്ചു എന്ന് കള്ളക്കേസ് എടുക്കുന്നത് ആരു പറഞ്ഞിട്ടാണെങ്കിലും ഭീരുത്വമാണ്. കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയാൻ ഉത്തരവാദിത്തപ്പെട്ടവരും അതിനു നിർദ്ദേശം നൽകിയവരും തയ്യാറാകണം എന്ന് സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments