കുറവിലങ്ങാട്: വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കടപ്ലാമറ്റം ടെക്നിക്കല്‍ ഹൈസ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതിനായി 3.75 കോടി രൂപയുടെ ഫയല്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒപ്പുവച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടപ്ലാമറ്റം സെന്‍ട്രല്‍ ജംഗ്ഷനോട് ചേര്‍ന്നാണ് ടെക്നിക്കല്‍ ഹൈസ്കൂളിനുവേണ്ടി സ്ഥലം എടുത്തിരിക്കുന്നത്. 2016 – 17 കാലഘട്ടത്തില്‍ സംസ്ഥാനബഡ്ജറ്റില്‍ കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിന്റെ സ്ഥലമെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹ്യാഘാത പഠനവും നത്തി ഭൂമി ഏറ്റെടുക്കലിന് അനുകൂല റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മുഖാന്തിരം സര്‍ക്കാരിലേക്ക് എത്തിച്ചതുമാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കടപ്ലാമറ്റം ടെക്നിക്കല്‍ ഹൈസ്കൂളിന് സ്വന്തമായി ഭൂമി ഇല്ലാത്ത പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉന്നയിച്ചിരുന്നതാണ്. ഇതേ തുടര്‍ന്നാണ് ബന്ധപ്പെട്ട ഫയല്‍ ധനമന്ത്രി വിളിപ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്തത്. ധനമന്ത്രി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് ലഭ്യമാക്കുന്നതിന് ധനവകുപ്പിലെ ബജറ്റ് അപ്രോപ്രിയേഷന്‍ വിഭാഗത്തിലേക്ക് ഫയല്‍ അയച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതി ആവശ്യമായി വരുന്നത്. ഇതിനായുള്ള ചര്‍ച്ച ധനമന്ത്രിയുമായി നടത്തിയതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. എത്രയും പെട്ടെന്ന് സ്ഥലം എടുപ്പിനുവേണ്ടിയുള്ള ഫണ്ട് ലഭ്യമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് എം.എല്‍.എ. ചൂണ്ടിക്കാട്ടി.