വിളപ്പില്‍ : ഒരു നാടിന്റെ സ്പന്ദനമായിരുന്ന ശാസ്ത തിയേറ്റര്‍ ഇന്ന് ഇഴജന്തുക്കളുടെ താവളമാണ്. വിളപ്പില്‍ശാലക്കാരുടെ സ്വന്തം സിനിമാശാലയായ ശാസ്തയിലെ ആരവങ്ങള്‍ അവസാനിച്ചിട്ട് രണ്ടര പതിറ്റാണ്ട്. 1978-ല്‍ ജി. ശ്രീകണ്ഠന്‍ നായര്‍ എന്നയാളാണ് ശാസ്ത തീയറ്റര്‍ സ്ഥാപിച്ചത്. ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു ശാസ്തയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം. ഓലപ്പുരയായിരുന്ന തീയറ്റര്‍ ഒരിക്കല്‍ തീകത്തി നശിച്ചു. എന്നാല്‍ സിനിമയെ അത്രയേറെ സ്‌നേഹിച്ചിരുന്ന ശ്രീകണ്ഠന്‍ നായര്‍ ഷീറ്റ് മേഞ്ഞ് തീയറ്റര്‍ പുതുക്കിപ്പണിതു. ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ കളര്‍ സിനിമകള്‍ വരെ ശാസ്തയുടെ സ്‌ക്രീനില്‍ മിന്നിമറഞ്ഞു. വിളപ്പില്‍ശാലക്കാരുടെ സിനിമാമോഹങ്ങള്‍ക്ക് ചിറക് വിടര്‍ത്തിക്കൊണ്ട് 30-വര്‍ഷം ശാസ്ത തീയേറ്റര്‍ തലയുയര്‍ത്തി നിന്നു. എന്നാല്‍ ഗ്രാമീണ സിനിമാശാലകള്‍ നഷ്ടത്തിലോടാന്‍ തുടങ്ങിയതോടെ 2000-ല്‍ ശാസ്ത തീയറ്ററിന് പൂട്ടുവീണു.
2010-ല്‍ ശ്രീകണ്ഠന്‍ നായര്‍ തീയറ്ററും അനുബന്ധഭൂമിയും ഒരു അഭിഭാഷകന് വിറ്റു. ഇപ്പോഴത് സിസ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലാണ്. ആളും ആരവവും നിലച്ച ശാസ്ത ഇന്ന് കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. വിഴിഞ്ഞം നവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി ഏറ്റെടുത്തിരിക്കുകയാണ് ഈ വസ്തു. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതോടെ വിളപ്പില്‍ശാലയുടെ പ്രതാപം വിളിച്ചോതിയിരുന്ന ശാസ്ത തീയറ്റര്‍ ഇടിച്ചു നിരത്തപ്പെടും. മണ്ണുമാന്ത്രി യന്ത്രത്തിന്റെ വരവും കാത്തിരിക്കുകയാണ് വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന വിളപ്പില്‍ശാലയുടെ സ്വന്തം സിനിമാശാല.