ഏപ്രിൽ ഒന്ന് മുതൽ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള ആപ്പുകൾ വഴി യു.പി.ഐ പേയ്മെന്‍റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). യു.പി.ഐയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറുകൾ വളരെക്കാലമായി സജീവമല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പ്രഖ്യാപിച്ചു.
ബാങ്ക് അക്കൗണ്ടുകൾ നിഷ്‌ക്രിയമായ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അവ പ്രവർത്തിക്കില്ല. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. പുനരുപയോഗിച്ചതോ മാറ്റിയതോ ആയ നമ്പറുകൾ നീക്കം ചെയ്യുന്നതിനായി മാർച്ച് 31 ന് മുമ്പ് ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും (പി.എസ്.പി) അവരുടെ ഡാറ്റാബേസുകൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻ.പി.സി.ഐ അറിയിച്ചു.
ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റുകയോ നിർജീവമാക്കുകയോ ചെയ്യുമ്പോഴും യു.പി.ഐ അക്കൗണ്ടുകൾ പലപ്പോഴും പഴയ നമ്പറിൽ തുടരുന്നു. ടെലികോം ദാതാക്കൾ ഈ നമ്പറുകൾ മറ്റൊരാൾക്ക് നൽകുമ്പോൾ തട്ടിപ്പിനുള്ള സാധ്യത വർധിക്കുന്നു. ഇത് ഒഴിവാക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.