കോട്ടയം: ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2023 ജൂലൈ 18 നാണ് ഉമ്മൻചാണ്ടി വിടവാങ്ങിയത്. എന്നും എപ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിൽ മാത്രം ജീവിച്ച നേതാവ്. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്നു പ്രിയപ്പെട്ടവർക്കിടയിലെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടി. പ്രിയനേതാവിന്റെ സ്മരണയിൽ വിവിധ പരിപാടികൾ നടക്കും. ജീവകാരുണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 വരെയാണു സംസ്ഥാനത്തൊട്ടാകെ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്നു ഉമ്മൻചാണ്ടി.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാന നടക്കും. തുടർന്ന് കല്ലറയിൽ ധൂപ പ്രാർത്ഥനയും കരോട്ടുവള്ളക്കാലയിലെ വീട്ടിലും പ്രാർത്ഥനയുണ്ടാകും. 10 മണിക്ക് ചേരുന്ന അനുസ്മരണ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനാകും.