ധാരാലി:ഉത്തരകാശിലെ ധരാലിയിലുണ്ടായ മേഘ വിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സംസ്ഥാന -ദേശീയ ദുരന്ത നിവാരണ സേനയുടെയും കരസേനയുടെയും നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. തിരച്ചിലിന്റെ ഭാഗമായി കടാവർ നായ്ക്കളെ വിന്യസിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തിൽ 100 ലധികം ആളുകളെ കാണാതായി. കാണാതായവരിൽ പത്തോളം സൈനികരും ഉൾപ്പെടും. ഇതിൽ രണ്ട് സൈനികരുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട 80 ഓളം ആളുകളെ രക്ഷപ്പെടുത്തി. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എട്ടോളം ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകൾക്കും അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചക്ക് ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി. റിസോര്‍ട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകര്‍ന്നു. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ധരാളി ഗ്രാമത്തില്‍ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെ സുഖിയിലും തുടര്‍ ദുരന്തമുണ്ടായി. മലമുകളിലെ വനമേഖലയിലാണ് മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്