ഗസ്സ: ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) 401 ബ്രിഗേഡിന്‍റെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ വടക്കൻ ഗസ്സയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സയിൽ നരനായാട്ട് ആരംഭിച്ച ശേഷം ഇസ്രായേൽ സേനയിൽ കൊല്ലപ്പെട്ട ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ദഖ്സ. ജബലിയയിലെ സൈനിക നീക്കത്തിനിടെ ദഖ്‌സ സഞ്ചരിച്ച ടാങ്കിനും മറ്റൊരു ടാങ്കിനും നേർക്ക് സ്ഫോടനം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു സൈനികന് ഗുരുതര പരിക്കേറ്റു. 41 കാരനായ ദഖ്‌സ ജൂണിലാണ് 401-ാം ബ്രിഗേഡിന്‍റെ കമാൻഡറായത്.
സംഭവത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടക്കം അനുശോചനം അറിയിച്ച് രംഗത്തെത്തി.അതേസമയം, ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 87 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരും കാണാതായവരുമായി 100ലേറെ പേരുണ്ട്. ഇവിടെ ഒരു ബഹുനില കെട്ടിടത്തിലും പരിസരങ്ങളിലെ നിരവധി വീടുകളിലും കൂട്ടമായി ബോംബുവർഷിച്ചാണ് സമീപനാളുകളിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയത്.



