ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾക്ക് മേൽ പതിക്കുന്ന ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളർ ഫോട്ടോ കൂടി അച്ചടിക്കാൻ കമീഷൻ തീരുമാനിച്ചു.ബി.ജെ.പിയുമായി ഒത്തുകളിച്ച് വോട്ടുകൊള്ള നടത്താൻ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടത്തുന്നുവെന്ന പ്രതിപക്ഷ ആക്ഷേപത്തിനിടയിലാണ് കൂടുതൽ പരിഷ്കാരങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ട് പോകുന്നത് . കഴിഞ്ഞ ആറു മാസത്തിനിടയിൽ തെരഞ്ഞെടുപ്പ് കമീഷൻ കൊണ്ടുവന്ന 28 പരിഷ്കാരങ്ങളുടെ ചുവടുപിടിച്ചാണ് ഇതെന്നും വോട്ടർമാർക്ക് കുടുതൽ സൗകര്യമാകും ഈ നടപടിയെന്നും കമീഷൻ അറിയിച്ചു. നവംബറിൽ വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പരിഷ്കാരം നടപ്പാക്കുമെന്നും കമീഷൻ അറിയിച്ചു. പുതിയ പരിഷ്കാരം നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് കമീഷൻ ബുധനാഴ്ച കത്തയച്ചു. 1969ലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള ചട്ടങ്ങൾ ഇതിനായി ഭേദഗതി ചെയ്തെന്ന് കമീഷൻ തുടർന്നു. നിലവിൽ ഈ ബാലറ്റ് പേപ്പറിൽ ക്രമനമ്പറുകൾക്ക് നേരെ ഓരോ സ്ഥാനാർഥിയുടെ പേരും ചിഹ്നവുമാണ് ഒട്ടിച്ചുവെച്ചിരുന്നത്.



