വാഷിങ്ടണ്‍: താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ, ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം ഇപ്പോൾ തന്നെ നിർത്താൻ പറ്റുമെന്നും എന്നാൽ ചില കാര്യങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ടെന്നും ട്രംപ് പറഞ്ഞു.അതെസമയം, താത്ക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി പാക്കിസ്താന് ഔദ്യോഗികമായി ഇറാൻ പ്രതികരണം കൈമാറി. യുദ്ധ കുറ്റങ്ങളും വംശഹത്യാ നടപടികളുമാണ് ഇസ്രായേലും അമേരിക്കയും ഇറാനിൽ തുടരുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇറാന് വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ഇറാന് ആവശ്യപ്പെടുന്നു. ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് മറുപടിയില്‍ ഇറാന് മുന്നോട്ട് വെച്ചത്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് ഇറാന്റെ നിര്‍ദേശങ്ങള്‍. ഹോർമുസ് തുറന്നില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഇറാനെ നരകതുല്യമായ ആക്രമണങ്ങൾക്ക് വിധേയമാക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്നലെയോ ഇന്നോ ഇറാൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് ട്രംപ് 48 മണിക്കൂർ സമയപരിധി നീട്ടി നൽകിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. പ്രകോപനവും ഭീഷണിയും നിർത്തുകയാണ് ആദ്യം വേണ്ടതെന്ന് റഷ്യ ട്രംപിനെ ഓർമിപ്പിച്ചു. നാളെ പുലർച്ചെ ഇറാനിലെ വൈദ്യുത കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആഞ്ഞടിക്കുമെന്നാണ് ട്രംപിന്റെ താക്കീത്.



