വിനായക ചതുര്‍ത്ഥി ഇന്ന്. ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിനായക ചതുര്‍ത്ഥി. ചിങ്ങ മാസത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയില്‍ വിനായക ചതുർഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്.
ചതുർത്ഥി ദിവസത്തില്‍ ആരംഭിച്ച് അനന്ത ചതുർദശി വരെ നീണ്ടു നില്‍ക്കുന്ന പത്ത് ദിവസത്തെ ആഘോഷമാണ് ഗണേശോത്സവം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.
ഇന്ന് സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർഥി ആഘോഷങ്ങൾ നടക്കും. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷങ്ങൾ ശനിയാഴ്ച പുലർച്ചെ ആരംഭിച്ചു. വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയിൽ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 13 ഗജവീരൻമാരെത്തും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ആണ് മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ പൊൻതിടമ്പേറ്റുക.



