കല്പറ്റ: തിരുവനന്തപുരം ജി.വി രാജ സ്കൂളില്‍ വെള്ളിയാഴ്ച മുതല്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വയനാട് ജില്ല ടീം പരിശീലനം പൂര്‍ത്തിയാക്കി യാത്ര തിരിച്ചു. ഇരു വിഭാഗങ്ങളിലായി 28 അംഗ ടീമാണ് സംസ്ഥാന തല മത്സരത്തിന് പുറപ്പെടുന്നത്.
ജൂനിയര്‍ ടീമിനെ പനങ്കണ്ടി ഫുട്ബാള്‍ അക്കാദമിയിലെ ദിയ ശിവദാസനും സബ്ജൂനിയര് ടീമിനെ മീനങ്ങാടി സ്കൂളിലെ ശിവാനി ഗിരീഷുമാണ് നയിക്കുന്നത്.പനങ്കണ്ടി ഗവ.ഹൈസ്കൂളില്‍ നിന്ന് ജൂനിയര്‍ കാറ്റഗറിയില്‍ ഒമ്പതു പേരും സബ് ജൂനിയര്‍ കാറ്റഗറിയില്‍ അഞ്ചു പേരും മീനങ്ങാടി ഗവ. ഹൈസ്കൂളില്‍ നിന്ന് സബ്ജൂനിയര് കാറ്റഗറിയില്‍ ആറു പേരും ജൂനിയര്‍ കാറ്റഗറിയില്‍ അഞ്ചു പേരും ജില്ല ടീമില്‍ ഇടംനേടി. പരിമിതമായ സൗകര്യങ്ങളുള്ള പനങ്കണ്ടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൈതാനത്താണ് ആദ്യഘട്ട പരിശീലനങ്ങള്‍ നല്‍കിയത്. പിന്നീട്, സ്പോട്സ് കൗണ്‍സില്‍ സഹകരണത്തോടെ മുണ്ടേരി, മീനങ്ങാടി സ്റ്റേഡിയങ്ങളും പരിശീലനത്തിനായി ലഭിച്ചു. തുടര്‍ച്ചയായ 20 ദിവസത്തെ ഫുട്ബാള്‍ ക്യാമ്പ് പനങ്കണ്ടി സ്കൂളിലെ കായികാധ്യാപകനായ മുഹമ്മദ് അര്‍ഷഖിന്റെ നേതൃത്വത്തിലാണ് നടന്നത്.