ബീജിങ്ങ്: സംഘര്‍ഷം ഒഴിവാക്കി ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങിവരണമെന്ന് ചൈന. മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ഇടപെടലിന് തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യ – പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തുന്ന ചൈന നിലവിലുള്ള സ്ഥിതിഗതികള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിച്ച് വരിയാണ് എന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഇന്ത്യയും പാകിസ്ഥാനും രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തണം. ഇതിനായി ഇരുപക്ഷവും സമാധാനവും സംയമനവും പാലിക്കണം. മേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കും വിധത്തിലുള്ള നടപടികളില്‍ നിന്നും ഇരു രാജ്യങ്ങളും പിന്തിരിയണം’ എന്നും ചൈന ആവശ്യപ്പെടുന്നു. ദക്ഷിണേഷ്യയുടെ സമാധാനത്തിനും ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭാവിക്കും സമവായം അത്യാവശ്യമാണ്. ലോകം കാത്തിരിക്കുന്നതും ഇത്തരമൊരു തീരുമാനത്തിന് വേണ്ടിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യ – പാക് സംഘര്‍ഷം സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന നിലയില്‍ പുരോഗമിക്കുമ്പോഴാണ് ചൈനയുടെ പ്രസ്താവന പുറത്തുവരുന്നത്. പാകിസ്ഥാനിലെ മൂന്ന് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് പാകിസ്ഥാന് ആരോപിച്ചിരുന്നു. പിന്നാലെ ഇന്ത്യക്കെതിരെ തിരിച്ചടിക്കും പാകിസ്ഥാൻ മുതിർന്നിരുന്നു. വെള്ളിയാഴ്ച രാത്രി 26 ഓളം ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ മേഖലയില്‍ നിന്ന് ഡ്രോണ്‍, ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.



