ദുബൈ: ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാൻ യു.എ.ഇയിലെ അഡ്നോക് ഗ്യാസും, ഹിന്ദുസ്ഥാൻ പെട്രോളിയവും കരാർ ഒപ്പിട്ടു. പത്തുവർഷം എൽ.എൻ.ജി എത്തിക്കാനുള്ള ദീർഘകാല കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. വർഷം 0.5 ദശലക്ഷം ലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യയിലേക്ക് എത്തിക്കാനാണ് അബൂദബിയുടെ എണ്ണകമ്പനിയായ അഡ്നോകും ഹിന്ദുസ്ഥാൻ പെട്രോളിയവും കരാർ ഒപ്പിട്ടത്. അഡ്നോകിന്റെ സബ്സിഡറി കമ്പനിയായ അഡ്നോക് ഗ്യാസുമായാണ് കരാർ. ഇന്ത്യയുടെ ഊർജസുരക്ഷ ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഗെയിൽ ഇന്ത്യ എന്നിവയുമായി സമാനമായ കരാറുണ്ടാക്കിയിരുന്നു. 2030 ഓടെ മൊത്തം ഊർജോൽപാദനത്തിന്റെ 15 ശതമാനം ദ്രവീകൃത പ്രൃകൃതി വാതകത്തിൽ നിന്ന് ആക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യ തങ്ങളിലർപ്പിച്ച ആത്മവിശ്വാസത്തിന്റെ തെളിവാണ് കരാറെന്ന് അഡ്നോക് ഗ്യാസ് സി.ഇ.ഒ ഫാത്തിമ അൽ നുഐമി പറഞ്ഞു. അഡ്നോക്കിന്റെ ദാസ് ഐലന്റിലെ പ്ലാന്റിൽ നിന്നായിരിക്കും ഇന്ത്യയിലേക്ക് ഗ്യാസ് എത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ദീർഘകാല ഉൽപാദന പരിചയമുള്ള എൽ.എൻ.ജി പ്ലാന്റാണ് ദാസ് ഐലന്റിലേത്. ആറ് എം.എം.ടി.പി.എ ആണ് ഈ പ്ലാന്റിന്റെ ശേഷി.