ഇടുക്കി വണ്ടിപെരിയാറിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്‌ടം. പശുമല ജംഗ്‌ഷനിലെ കെ.ആർ. ബിൽഡിംഗിലാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ അഞ്ച് സ്ഥാപനങ്ങളും രണ്ടാം നിലയിലെ രണ്ട് സ്ഥാപനങ്ങളും കത്തി നശിച്ചു. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി, സ്പെയർ പാർട്സ് കടകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് നശിച്ചത്. കെ.ആർ. ബിൽഡിംഗിൽ പ്രവർത്തിച്ചുവരുന്ന അരുൾ എന്റർപ്രൈസസ്, പുതുതായി പ്രവർത്തനം ആരംഭിച്ച ഫാൻസി സ്റ്റോർ,സെന്റ് ആന്റണീസ് ഹോം അപ്ലൈയൻസ് കൂടാതെ അമീർ സ്പെയർ പാർട്സ് തുടങ്ങിയ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളാണ് കത്തിയത്. ഇത് കൂടാതെ തൊട്ട് മുകളിൽ സ്ഥിതിചെയ്യുന്ന ഗ്ലോറി കമ്പ്യൂട്ടർ സെന്റർ, ചോയ്സ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളും കത്തി നശിച്ച കൂട്ടത്തിലുണ്ട്.
പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അഞ്ചു കടകളിലായി കോടികളുടെ നാശനഷ്‌ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. പീരുമേട്, കട്ടപ്പന, കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സുകൾ എത്തി അഞ്ച് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. തടിയിൽ നിർമിച്ച പഴയകാല കെട്ടിടമായതിനാൽ തീ ആളിപടരുന്നതിനും ഇടയാക്കി.



