തിരുവനന്തപുരം: സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവര്‍ത്തന പദ്ധതികള്‍ രാജ്ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചാരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ല.
സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
സ്വാതന്ത്ര്യത്തിന് 78 വയസാകുമ്പോള്‍ ആഗസ്റ്റ് 15നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണ്.
സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്.
സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താല്പര്യം കാട്ടാതെ ‘ആഭ്യന്തര ശത്രുക്കള്‍’ക്കെതിരെ പട നയിക്കാന്‍ ഊര്‍ജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.
ബ്രിട്ടീഷ് വൈസ്രോയിയെ നേരില്‍ ചെന്നു കണ്ട് പിന്തുണയറിയിക്കുകയും തങ്ങള്‍ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയില്‍ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാര്‍.
ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിന്‍പറ്റുന്നവരാണ് ഇപ്പോള്‍ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാര് മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടര്‍ന്നപ്പോള്‍ തീയണക്കാന്‍ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.



