ന്യൂഡൽഹി: അലിഗഢ് സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. 1967ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച കേസിലെ വിധിയാണ് ഏഴംഗ ബെഞ്ച് റദ്ദാക്കിയത്. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകർ ആര് എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നത് കൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവിക്ക് അർഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാർഗരേഖ സുപ്രീം കോടതി പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും അലിഗഢ് സർവകലാശാല ന്യൂനപക്ഷ സർവകലാശാലയാണോ എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ഭിന്നാഭിപ്രായമാണ് ഉണ്ടായത്.
ചീഫ് ജസ്റ്റിസ് വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കർ ദത്ത, എസ് സി ശർമ എന്നിവരാണ് ഭിന്നാഭിപ്രായം ഉന്നയിച്ചത്.



