അമേരിക്കയ്ക്ക് പിന്നാലെ അര്‍ജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിന്‍വലിക്കുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് രാജ്യത്തിന്റെ അംഗത്വം പിന്‍വലിക്കാന്‍ അര്‍ജന്റീനന്‍ പ്രസിഡന്റ് ഉത്തരവിട്ടതായി പ്രസിഡന്റിന്റെ വക്താവ് ബുധനാഴ്ച അറിയിച്ചു.
ജനുവരി 21 ന് അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കാനുള്ള പ്രക്രിയ ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് സമാനമാണ് പ്രസിഡന്റ് ജാവിയര്‍ മിലെയുടെ നടപടി. മറ്റൊരു അംഗ രാജ്യം കൂടി വിട്ടുപോകുന്നത് ലോകാരോഗ്യ സംഘടനയുടെ ആഗോള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നിരുന്നാലും 2024-2025ലെ ലോകാരോഗ്യസംഘടനയുടെ 690 കോടി ഡോളറിന്റെ ബജറ്റിനായി അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ചത് ഏകദേശം 80 ലക്ഷം ഡോളര്‍ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് കാലത്തെ ആരോഗ്യമേഖലയിലെ ഇടപെടലുകളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന വിട്ടുപോകാനുള്ള തീരുമാനമെന്ന് പ്രസിഡന്റിന്റെ വക്താവ് മാനുവല്‍ അഡോര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്കാലത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിന് കാരണമായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു അന്താരാഷ്ട്ര സംഘടനയെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ അര്‍ജന്റീന അനുവദിക്കില്ല. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് അധികാരമില്ലെന്നും മാനുവല്‍ അഡോര്‍ണി പറഞ്ഞു. അര്‍ജന്റീനയുടെ പ്രഖ്യാപനം പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.