തിരുവനന്തപുരം:സംസ്ഥാനത്ത് എല്ലാ മേഖലകളിലും സർക്കാരില്ലായ്‌മ പ്രകടമാണ്. ഇത്രയും അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിനു പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലുമുള്ളതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
അഞ്ചു വർഷം മുൻപാണ് വയനാട്ടിൽ പത്തു വയസുകാരി ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റ് മരിച്ചത്. ഇന്ന് മറ്റൊരു കുഞ്ഞ് വൈദ്യുതാഘാതമേറ്റും. എന്ത് സുരക്ഷയാണ് നമ്മുടെ സ്കൂളുകളിലുള്ളത്? ഇനിയെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ ഓഡിറ്റ് ചെയ്യാൻ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറാകണം.
ക്ലാസ് മുറിയിൽ പത്തു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചപ്പോൾ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നതാണ്. എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും തയാറായില്ല.
തേവലക്കര സ്‌കൂളിൽ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ട് വർഷങ്ങളായി. അതിനു താഴെയാണ് സൈക്കിൽ ഷെഡ് നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് മുറിയിലെ ജനലിലൂടെയാണ് മിഥുൻ സൈക്കിൾ ഷെഡ്ഡിൻ്റെ മേൽക്കൂരയിലേക്ക് ഇറങ്ങിയത്. ഷോക്കേറ്റ ശേഷം വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ കാലതാമസം ഉണ്ടായെന്നും ആരോപണമുണ്ട്. ഇത്രയും അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂൾ ആയതു കൊണ്ടാണോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്?
അതോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂൾ ഇത്രയും കാലം പ്രവർത്തിച്ചത്? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ട്. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ രംഗത്തിനു പുറമെ ഗുരുതരമായ അനാസ്ഥയാണ് പൊതുവിദ്യാഭ്യാസ മേഖലയിലും. എല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. ചോദിക്കാനും പറയാനും ഇവിടെ ഒരു സർക്കാരില്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും പിൻവാതിൽ നിയമനങ്ങളിലും മാത്രമാണ് സർക്കാരിന്റെ ശ്രദ്ധ,” വി.ഡി സതീശൻ പറഞ്ഞു.



