ചേരാനെല്ലൂർ: ചേരാനല്ലൂർ കച്ചേരിപ്പടി റോഡ് ദേശീയപാതയുമായി സംഗമിക്കുന്ന മഞ്ഞുമ്മൽ കവലയിൽ അപകടം പതിവായി. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഭാരം കൂടിയ വാഹനങ്ങൾ പാതയോരത്ത് അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നത്. ഇതോടൊപ്പം ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കച്ചേരിപ്പടി ഭാഗത്തേക്ക് തിരിയുന്നതിന് നിയന്ത്രിക്കാൻ സംവിധാനം ഇല്ലാത്തതും പ്രശ്നമാണ്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ ഭാരമേറിയ യന്ത്രങ്ങൾ ഘടിപ്പിച്ചുള്ള വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. രാത്രി വെളിച്ച കുറവുള്ളതും അപകടങ്ങൾ കൂട്ടാൻ കാരണമാണ്. ദേശീയപാതയിൽ ഇരുവശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്തു കിടക്കുന്ന വാഹനങ്ങളിലിടിച്ചാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ പാത പാർക്ക് ചെയ്തിരുന്നു മണ്ണുമാന്തി യന്ത്രം ഘടിപ്പിച്ച വാഹനത്തിലിടിച്ച് കാർ തകർന്നു. കാറിൽ ഉണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഈ ഭാഗത്തെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലവാസികളുടെ നേതൃത്വത്തിൽ പോലീസിന് നിവേദനം നൽകിയിരുന്നു. അടിക്കടി അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.



