Monday, December 22, 2025
No menu items!
Homeവാർത്തകൾഅനധികൃത ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി,മെറ്റയുടെയും ഗൂഗിളിന്‍റെയും പ്രതിനിധികളെ ഇഡി വിളിച്ചുവരുത്തുന്നു

അനധികൃത ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി,മെറ്റയുടെയും ഗൂഗിളിന്‍റെയും പ്രതിനിധികളെ ഇഡി വിളിച്ചുവരുത്തുന്നു

ദില്ലി: അനധികൃത ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ടെക് ഭീമന്മാരായ മെറ്റയുടെയും ഗൂഗിളിന്‍റെയും പ്രതിനിധികളെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) വിളിച്ചുവരുത്തുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി, ജൂലൈ 21ന് ദില്ലിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ രണ്ട് കമ്പനികളുടെയും പ്രതിനിധികൾക്ക് ഏജന്‍സി സമൻസ് അയച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഓൺലൈൻ വാതുവെപ്പ് ബെറ്റിംഗ് ആപ്പുകളുടെ ലിങ്കുകളും പരസ്യങ്ങളും എങ്ങനെയാണ് മെറ്റയുടെയും ഗൂഗിളിന്‍റെയും പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്നതെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നുണ്ടോ എന്നും കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം.

ഗൂഗിളും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളും പരസ്യങ്ങളിലൂടെ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ഉപയോക്താക്കളിലേക്ക് അവ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ഇഡിയുടെ അനുമാനം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ (പിഎംഎൽഎ) ലംഘനങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ, നിയമവിരുദ്ധ ആപ്പുകളുടെ റീച്ച് കൂട്ടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പങ്ക് ഏജൻസി പരിശോധിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം മൊഴികൾ രേഖപ്പെടുത്താനാണ് ടെക് ഭീമന്‍മാരുടെ എക്‌സിക്യുട്ടീവുകളെ ഇഡി വിളിച്ചുവരുത്തുന്നത്.

ഒരു ഓൺലൈൻ വാതുവെപ്പ് കേസിൽ മുംബൈയിലെ നാല് സ്ഥലങ്ങളിൽ ഇഡി അടുത്തിടെ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കണക്കിൽപ്പെടാത്ത 3.3 കോടി രൂപയും, ആഡംബര വാച്ചുകൾ, ആഡംബര വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തിരുന്നു. പണം എണ്ണുന്ന യന്ത്രങ്ങളും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്‍റെയും മെറ്റയുടെയും പ്രതിനിധികളെ വിളിച്ചുവരുത്തിയുള്ള ഇഡിയുടെ പുത്തന്‍ നീക്കം.

നിയമവിരുദ്ധമായ വാതുവെപ്പ്, ചൂതാട്ട ലിങ്കുകൾ ഹോസ്റ്റ് ചെയ്യുന്ന ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ എന്നിവയെ കുറിച്ച് ഏജൻസി അന്വേഷിക്കുന്നുണ്ട്. വിവിധ ഇന്‍റർനെറ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ ഔട്ട്‌ലെറ്റുകളിലും ആപ്പ് സ്റ്റോറുകളിലും അവയ്ക്കായി പരസ്യങ്ങൾ നൽകിയ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷണത്തിന്‍റെ ഭാഗമാണ്. വിമണി, വിഎം ട്രേഡിംഗ്, സ്റ്റാൻഡേർഡ് ട്രേഡ്സ് ലിമിറ്റഡ്, ഐബുൾ ക്യാപിറ്റൽ ലിമിറ്റഡ്, ലോട്ടസ്ബുക്ക്, 11സ്റ്റാർസ്, ഗെയിംബെറ്റ് ലീഗ് തുടങ്ങിയ നിയമവിരുദ്ധ വ്യാപാര, വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെട്ടിരിക്കുന്ന ‘ഡബ്ബ ട്രേഡിംഗ് ആപ്പുകളുടെ’ സാമ്പത്തിക പ്രവർത്തനങ്ങൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം നിയമവിരുദ്ധ കമ്പനികള്‍ക്ക് ലിങ്കുകളും പരസ്യങ്ങളും നല്‍കാന്‍ എങ്ങനെ കഴിയുന്നുവെന്ന് മനസിലാക്കാനാണ് ഇഡി ടെക് ഭീമന്മാരെ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ കേസുകളിൽ ചില അഭിനേതാക്കൾ, സെലിബ്രിറ്റികൾ, കായിക താരങ്ങൾ എന്നിവരും ഏജൻസിയുടെ നിരീക്ഷണത്തിലാണ്. അവരെയും ഇഡി ഉടൻ തന്നെ വിളിച്ചുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ നിരപരാധികളായ ജനങ്ങളെ വഞ്ചിക്കുകയും കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ടെന്ന് ഇഡി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments